04:03am 14 August 2026
NEWS
സാവരിയ മരണത്തിന് മുമ്പ് ഇരയായത് ക്രൂരമായ മർദ്ദനത്തിന്
21/07/2026  08:55 AM IST
nila
സാവരിയ മരണത്തിന് മുമ്പ് ഇരയായത് ക്രൂരമായ മർദ്ദനത്തിന്

ഹരിപ്പാട്: ഉസ്ബെക്കിസ്ഥാനിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിന്റെ (21) മരണത്തിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. മരണത്തിന് മുമ്പ് ഏകദേശം 24 മണിക്കൂറോളം ക്രൂരമായ മർദനത്തിനും പീഡനത്തിനും സാവരിയ ഇരയായിരുന്നുവെന്നാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിഗമനം. മൂർച്ചയില്ലാത്ത വസ്തു ഉപയോഗിച്ച് തലയ്ക്കേറ്റ ഗുരുതര ക്ഷതമാണ് മരണത്തിന് ഇടയാക്കിയതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

 ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദനവും ചവിട്ടും മൂലമുണ്ടായ നിരവധി ചതവുകളും പരുക്കുകളും കണ്ടെത്തി. ഇവയെല്ലാം മരണത്തിന് തൊട്ടുമുമ്പുള്ള 24 മണിക്കൂറിനുള്ളിൽ ഉണ്ടായതാണെന്നാണ് വിലയിരുത്തൽ.

സംഭവത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സാവരിയയെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് അതിക്രമം നടന്നതെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. അതുകൊണ്ടുതന്നെ ദീർഘസമയം നീണ്ട പീഡനത്തിനിടയിലും രക്ഷപ്പെടാൻ സാധിച്ചില്ലെന്നാണ് പൊലീസ് കരുതുന്നത്.

ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി ലഭിച്ചശേഷമേ കേസിന്റെ എല്ലാ സാഹചര്യങ്ങളിലും അന്തിമ വ്യക്തത ലഭിക്കുകയുള്ളുവെന്ന് ഹരിപ്പാട് എസ്.എച്ച്.ഒ വി. ഷിബു അറിയിച്ചു.

കേസിൽ സാവരിയയുടെ സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ അനമാണ് പ്രതി. ഇയാൾ നിലവിൽ ഉസ്ബെക്കിസ്ഥാനിൽ പൊലീസ് കസ്റ്റഡിയിലാണ്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.